സ്ഥലം:ഗുരുവായൂരമ്പലനട
(ശ്രീ.ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി): ആ എന്തൊക്ക്യാ രാധാകൃഷ്ണാ.
(ശ്രീ.ടി.സ്. രാധാകൃഷ്ണൻ): കൊച്ചപ്പേട്ടാ.അതേ ഇന്ന് ഭജനയുണ്ട്.
ഉവ്വോ. എപ്പഴാ
വൈകുന്നേരം അഞ്ചു മണിക്കാ
ഞാൻ വരാം എന്ന് രാധാകൃഷ്ണനോട് പറഞ്ഞു പ്രദക്ഷിണം ചെയ്യാൻ പോയി.
തിരിച്ചു വന്നപ്പോ.
രാധാകൃഷ്ണാ എനിക്കൊരു മോഹണ്ട്
എന്താ പറ.
ഞാൻ ഒരു പാട്ട് എഴുതിയാൽ ഭജനയിൽ പാടുമോ.
എന്താ സംശയം.ഞാൻ പാടാം.എഴുതി താ.
ഞാൻ ഒന്നും എഴുതിയിട്ടില്ല.മനസ്സിലൊന്നും ഇല്ല.
നേരെ വാര്യത്ത് പോയി വേഗം പേപ്പറും പേനയും എടുത്തു ഇരുന്നു.കാരണം അഞ്ചു മണിക്ക് കൊടുക്കണ്ടേ.രാധാകൃഷ്ണന് ഈണം കൊടുത്തു സംഘടിപ്പിക്കെണ്ടേ.
ഒന്നും മനസ്സിൽ ഇല്ല. “അപ്പഴേ ഗുരുവായൂരപ്പാ ആ വരികൾ ഒന്ന് പറഞ്ഞു തരണം.ഞാൻ പകർത്തി എടുത്തോളാം”കണ്ണടച്ച് പ്രാർത്ഥിച്ചു.
എന്റെ എന്നും ഉള്ളൊരു മോഹം ആണല്ലോ. “ഒരു നേരമെങ്കിലും.കാണാതെ വയ്യ, എന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ, നിൻ മുരളിപൊഴിക്കുന്ന ഗാനാലാപം”
ഈ നാല് വരി എന്റെ മനസ്സിൽ വന്നു.പിന്നെ അടുത്ത എട്ടു വരി എഴുതാൻ ഒരു വിഷമവും ഇല്ല. അപ്പൊ തന്നെ ഒരു കടലാസ്സിൽ എഴുതി രാധാകൃഷ്ണന് കൊടുക്കാൻ നേരെ സത്രം ബിൽഡിങ്ങിലേക്ക് ഓടി.
രാധാകൃഷ്ണാ
എഴുതിയോ
എഴുതി.പന്ത്രണ്ടു വരി ഉണ്ട്. ഒന്ന് നോക്കണം.
ഞാൻ പാടാം.നന്നായിട്ടുണ്ട്.
നേരെ വാര്യത്ത് വന്നു എല്ലാവരോടും എന്റെ പാട്ട് ഭജനയിൽ പാടുന്നുണ്ടെന്നു പറഞ്ഞു.
അഞ്ചു മണിക്ക് നേരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് പോയി.ആദ്യത്തെ അഞ്ചോ ആറോ പാട്ടു പാടി.പെട്ടെന്ന് മൈക്കെടുത്തു.
ഭക്തജനങ്ങളെ.എന്റെ അടുത്ത സുഹൃത്തും ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി “ഇന്ന്”എഴുതിയ ഗാനമാണ് പാടാൻ പോവുന്നത്.
രാധാകൃഷ്ണൻ അതിൽ ലയിച്ചു പാടി.ആൾക്കാർ കയ്യടിക്കാൻ തുടങ്ങി. ഒരു മുത്തശ്ശി ആരോടും ചോദിക്കാതെ സ്റ്റേജിൽ കയറി രാധാകൃഷ്ണനോട് “മോനെ കുറച്ചു നേരത്തെ പാടിയ പാട്ടില്ലേ.അതൊന്നു കൂടി പാടുമോ” എന്നും ചോദിച്ചു.
അങ്ങനെ പാടാറില്ല.എന്നാലും അമ്മയ്ക്ക് ഞാൻ പാടി തരാം.
ഞാൻ പറഞ്ഞു.
അതാണ് രാധാകൃഷ്ണാ ആ ശ്രീകോവിലകത്ത് നിന്ന് കിട്ടിയ അവാർഡ്.
അതെ തികഞ്ഞ കൃഷ്ണ ഭക്തനായ ചൊവ്വല്ലൂരിന് ഗുരുവായൂരപ്പൻ നൽകിയ അവാർഡ്.ആ ഗാനം ഇന്നലെ അജ്മാനിലെ അയ്യപ്പ വിളക്കിന് അതേ ടി.സ് രാധാകൃഷ്ണൻ എന്ന സംഗീതജ്ഞന്റെ ശബ്ദത്തിൽ കേട്ടപ്പോൾ പറയാൻ വാക്കുകളില്ല.“അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ”എന്ന് പാടുമ്പോൾ സാക്ഷാൽ ഗുരുവായൂരപ്പനെ മുന്നിലിരുത്തി പാടുന്നത് പോലെ തോന്നി.അങ്ങനെയുള്ളവർക്കല്ലേ അവതാരകൃഷ്ണന്റെ കള്ളനോട്ടവും കൃഷ്ണനാട്ടവും കൺമുന്നിൽ നിന്നും മായാതെ നിൽക്കൂ.☺️🙏🏻
#yesudas #oruneramenkilum #tsradhakrishnan
Негізгі бет ഒരു നേരമെങ്കിലും by T.S Radhakrishnan | Chovvalloor Krishnankutty | yesudas | oru neramenkilum
Пікірлер: 15