#കളത്തുംപടിപാനകണ്ടിട്ടുണ്ടോ
#പാനപ്പിടുത്തം
ദേശപ്പാന ഇത്തവണ നടന്നത് 2023 മാർച്ച് 26 നായിരുന്നു.
Pana is held once in four years in Ezhuvanthala Enanganamkurssi Kalam . Pana 2023 was held on March 26. .
പാനയെപ്പറ്റി അറിയാത്തവർക്ക് ...
കാളിസേവയുടെ ഭാഗമായി നൂറ്റാണ്ടുകളായി തൃത്താല ദേവസ്വം എണങ്ങനാംകുർശ്ശിക്കളം വക , #മുളയങ്കാവ് തട്ടകത്തിലുള്ള നാലു തറക്കാർ അടിയന്തിര ക്കാരായ ചക്കിൻകണ്ടത്ത് , #കോടിയിൽ, #മേലേതിൽ #പണിക്കരുതൊടി എന്നീ നാലു തറവാട്ടുകാരുടെ സഹായത്തോടെ നടത്തുന്ന അനുഷ്ഠാനമാണ് ദേശപ്പാന അഥവാ #പള്ളിപ്പാന.
പണ്ട് സാമൂതിരി കോവിലകത്തേക്ക് മിച്ചവാരം അളന്നിരുന്നത് എണ ങ്ങനാംകൂർശി മനയിലെ കളത്തിൽ വച്ചായിരുന്നത്രെ.
മധ്യ കേരളത്തിൽ - വള്ളുവനാട് , പൊന്നാനി, ഏറനാട്, പാലക്കാട് ജില്ല, തൃശൂർ വടക്ക് - എന്നീ ഭാഗങ്ങളിൽ ആണ് പാനക്ക് പ്രചാരം കാണുന്നത്. പാനം എന്ന ശബ്ദത്തിന്റെ ഉത്ഭവമാണ് പാന എന്ന് ഗുണ്ടർട്ട് പറയുന്നു. പാനം എന്നത് ദാരികനിഗ്രഹാനന്തരമുള്ള ദദ്രകാളിയുടെ രക്തപാനംയാണെന്ന് പാനത്തോറ്റം ശ്രദ്ധിച്ചാൽ മനസിലാകും.
പാനകുറിക്കൽ , മേലേരിക്ക് പ്ലാവ് വെട്ടൽ, പാനത്തണ്ടിന് പാലവെട്ടൽ,
കൂറവിരിക്കൽ , #പാലക്കൊമ്പെഴുന്നള്ളിപ്പ്, മണ്ഡപം പണി, പാനത്തണ്ട് സമർപ്പണം, ഗണപതി-സരസ്വതി - പീഠം - പാൽക്കിണ്ടി പൂജകൾ, ഗുരുതി, തിരിയുഴിച്ചിൽ, പാനപ്പിടുത്തം, തോറ്റം, എളമരം കുത്തൽ , കൂറവലിക്കൽ എന്നിവയാണ് പ്രധാന പാനച്ചടങ്ങുകൾ .
16 കാലുള്ള പാനപ്പന്തലിന് നടുക്കുള്ള 3 കോൽ 2 വിരൽ ഉയരവും 9കോൽ 8 വിരൽ (ആശാരിക്കണക്ക്) ചുറ്റളവുമുള്ള പാലക്കാൽപന്തലിൽ മൂന്നു പിരിവുള്ള പാലക്കൊമ്പ് നാട്ടി ഭദ്രകാളിയെ കുടി വയ്ക്കുന്നു.
കുരുത്തോല, വാഴമ്പോള , ഇളനീർ , കവുങ്ങിൻ പൂക്കുല, മാവില എന്നിവയാൽ വിതാനങ്ങൾ നടത്തി , പാലക്കൊമ്പിന് കിഴക്കായി പീഠവും അതിനുമുകളിൽ ചുവപ്പും ( ചുമന്ന പട്ട് ) വാളും വക്കുന്നു. പീഠത്തിൽ #ഭഗവതി ഇരിക്കുന്നു എന്നാണ് സങ്കൽപം.
അടിയന്തിരക്കാരിൽ പ്രധാനിയായ #ചക്കിൻകണ്ടത്ത് ആശാൻ കുളിയും കുറിയും ഞൊറിഞ്ഞുടുത്തും അരഞ്ഞാണും പൂപ്പാലികയുമായി താളത്തിൽ നൃത്തം വെച്ച് #പൂജ നടത്തുന്നു. വടക്കുഭാഗത്ത് കുരുതി തർപ്പണം നടത്തുന്നതോടെ കാളിയുടെ പാനപ്പന്തൽ സകല ബാധങ്ങളിൽ നിന്നും സുരക്ഷിതമാകുന്നു.
ഇനി തിരിയുഴിച്ചിലാണ്. രണ്ടു മുഴം നീളമുള്ള കനത്ത തിരികൾ വാഴമ്പോളക്കുള്ളിലാക്കി നിർമിച്ച പന്തം കയ്യിലെടുത്ത് മണ്ടക (തടങ്ങഴി ) ത്തിനു ചുറ്റും മെയ് വഴക്കത്തോടെ നൃത്തചലനങ്ങളോടെ താളാത്മകമായി നടത്തുന്ന അഗ്നി പൂജയാണ് #തിരിയുഴിച്ചിൽ. പിന്നീട് കേളിക്കൈ, ചെണ്ട മദ്ദള പ്രയോഗങ്ങൾ ആണ്. ഈ സമയത്ത് #പാനക്കഞ്ഞിയുംപുഴുക്കും നൽകുന്നു. ഇതിനു ശേഷമാണ് #പാനപ്പിടുത്തം അഥവാ കാളിയുടെ പെരുംപടയുടെ യുദ്ധപ്പുറപ്പാട് നടക്കുക. തടങ്ങഴിക്കുചുറ്റും ചെണ്ടയുടെ താളത്തിൽ 8 തരത്തിലുള്ള ചുവടുകളുമായി പാനക്കാർക്കൊപ്പം 32 നായർചെറുപ്പക്കാർ നടത്തുന്ന മനോഹരമായ നൃത്തമാണ് ഇത്.
പാലമരത്തടി കൊണ്ട് 14 വിരൽ നീളത്തിൽ ദേശത്തെ 4 ആശാരി കുടുംബക്കാർ (ചെമ്മൺകുഴി. മുണ്ടനാംകുർശി , പട്ടിശ്ശേരി, എഴുവന്തല ) നിർമിച്ച് നൽകുന്ന 32 പാനത്തണ്ടുകൾ ഇവരുടെ കൈകളിലുണ്ടാക്കും.
8 ദിവസംമുമ്പ് പാനകുറിക്കുന്ന ചടങ്ങിനു ശേഷമാണ് പാനത്തണ്ടിനും പൂജാപാത്രങ്ങൾക്കുമായി പാലമുറിക്കുക. കനൽ ചാട്ടത്തിന്റെ മേലേരിക്കുള്ള പ്ലാവ് വെട്ടുന്നതും അന്നു തന്നെ.
ഇതിനുശേഷം ചെണ്ടവാദ്യത്തോടൊപ്പം തടങ്ങഴിയുടെ തെക്കുഭാഗത്തിരുന്ന് അടിയന്തിരക്കാർ #കാളിനാടകം അഥവാ പാനത്തോറ്റം ആരംഭിക്കുന്നു. നാലു മണിക്കൂറോളം പാടാനുള്ള തോറ്റം നാലില്ലത്തടികൾ രചിച്ചതാണെന്നു #മാർക്കണ്ഡേയപുരാണം കഥയിൽ നിന്നെടുത്തതാണെന്നും പറയപ്പെടുന്നു.
തോറ്റം കഴിഞ്ഞാൽ വെളിച്ചപ്പാട് രംഗപ്രവേശനം ചെയ്യുന്നു. വെളിച്ചപ്പാടിന്റെ നൃത്തത്തിനും പാനപ്പിടുത്തത്തിനു മൊടുവിൽ തടങ്ങഴി തകർക്കുന്നു. സൃഷ്ടിസ്ഥിതിസംഹാരകർമങ്ങളുടെ ഉദാഹരണമാണത്രേ മണ്ഡപനിർമാണവും അലങ്കാരവും തകർക്കലും . വെളിച്ചപ്പാടിന്റെ അരുളപ്പാടും അരിയേറുമായി പാനച്ചടങ്ങുകൾ അവസാനിക്കുന്നു.
ഒരു പകൽ കൊണ്ടവസാനിക്കുന്ന പാനയാണ് #കളിപ്പാന . രാത്രിയിൽ ഇതേ ചടങ്ങുകൾ ആവർത്തിക്കുകയും അവസാനം കനൽച്ചാട്ടവും ചേർന്നാൽ അതിനെ #പള്ളിപ്പാന അഥവാ #കൂട്ടപ്പാന എന്നാണ് പറയാറ്. രാത്രിപ്പാനക്ക് മണ്ഡപം പണിക്കു ശേഷം #സന്ധ്യാലപ്പൊട്ടൻ വെളിച്ചപ്പാട് ചാടുന്നു.
ഇടപ്പൂരത്തിന് തൊട്ടു മുമ്പാണ് എഴുവന്തല ദേശത്ത് നാലിടങ്ങളിൽ - #ആത്രശേരിമന ,എണങ്ങനാംകുർശി കളത്തുംപടി, #താന്നിക്കാട്ടിൽ, #മുണ്ടനാംകുർശിആത്തേംകുന്നത്ത്മന എന്നിവിടങ്ങളിൽ ക്രമത്തിൽ പാന നടത്തുക. മുണ്ടനാം കുർശിപ്പാന നേരത്തെ മുടങ്ങി. താന്നിക്കാട്ടിൽ 1968 ലും ആത്രശ്ശേരി 1974 ലുമാണ് അവസാനം പാന നടന്നത്. 250 വർഷം മുമ്പ് ചെമ്മങ്കുഴിയിൽ താമസിച്ചിരുന്ന കേലൻകുമരത്ത് വീട്ടുകാരിൽ നിന്നാണത്രെ അഞ്ചാം വേലയുടെയും പാനയുടെയും അടിയന്തിരാവകാശം ചക്കിൻകണ്ടത്തുകാർക്ക് ലഭിച്ചത്.
Негізгі бет PANA 2023 | ദേശപ്പാന |paana the kaali ritual l എഴുവന്തല പാന |Ezhuvanthala paana
Пікірлер: 3