കരയണ്ട പൊരിയണ്ട
ഖൽബൊന്ന് നന്നാക്കണം
✍ മർഹൂം ഉസ്താദ് കെ.വി അബൂബക്കർ മാസ്റ്റർ (റ) പൊന്നാനി
🎤 തവക്കൽ മുസ്തഫ കടലുണ്ടി
ഹൂ എന്നോതുന്നോർക്കനന്തം ബന്ധം കാട്ടുന്നോർ മുറബ്ബി.... അൽ- ഹംദുലില്ലാ, അള്ളാഹു എന്നോതുന്നോർക്കനന്തം....
ഹാ എന്നധികാരക പട്ടം അതിന്നുടൽക്കായുള്ള നീട്ടം.....
ഹാഹ് എന്ന ഫോട്ടം ആധിപത്യ നേട്ടം ആത്മിക നോട്ടം.....
അഹദിയ്യത്തിലെ മഹ്ളിയത്തിനാൽ മഹ്രിഫത്തുടെ-
വിത്താൽ അത് ആവാൻ ആശിത്താർ...
മഹ്ശൂഖും ആശിഖുമായി മള്ഹറും മഅനവിയായി...
മീമും ഹയാത്തായി മിസാലും സ്വിഫാത്തായി....
മാനുടെ ദാത്തായി സാമ്യമറ്റതിൽ ചേർന്ന ഹായോട് മീമ് ദാലിൽ- അമൈത്താർ അസ്മാവൈ കാട്ടിത്താർ....
അള്ളാഹു എന്നോതുന്നോർക്കനന്തം ബന്ധം കാട്ടുന്നോർ മുറബ്ബി.... അൽ- ഹംദുലില്ലാ, അള്ളാഹു എന്നോതുന്നോർക്കനന്തം....
നൂനായാഖിലാ പരിപാല നൂതന പൊൻമുടിങ്കോലാ...
ദീനോർക്ക് ഹാമീം ദിവാകര കാമിൽ അബ്ദുർറഹീമിൽ-
സീനിലെപ്പെഴും ശൈഖരുൾപ്പടി ജ്ഞാനവും-
ഉറവൈത്താർ കലിമ വഴി നാട്ടിത്താർ...
അള്ളാഹു എന്നോതുന്നോർക്കനന്തം ബന്ധം കാട്ടുന്നോർ മുറബ്ബി....
അൽ- ഹംദുലില്ലാ, അള്ളാഹു എന്നോതുന്നോർക്കനന്തം....
അല്ലാഹുവിനെ അനന്തമായി ഓർത്തിരിക്കണമെങ്കിൽ ,അല്ലാഹുമായുള്ള ബന്ധം അനുസ്യൂതം നിർവിഘ്നം തുടർന്ന് പോകണമെങ്കിൽ ,അല്ലാഹു എന്ന സ്മരണയിൽ സമൂലം ലയിച്ച്(الفناء), ശാശ്വതമായ ബഖാഇനെ(البقاء) വരിക്കണമെങ്കിൽ, നിസ്സംശയം മുറബ്ബിയായ ഒരു ആത്മഗുരു വളരെ അനിവാര്യവും അത്യന്താപേക്ഷിതവുമാണ്........ അൽഹംദുലില്ലാ, അല്ലാഹുവിന്നാകുന്നു സർവ്വ സ്തുതിയും. പരിശുദ്ധനായ സർവ്വാധി നാഥൻറെ അനുഗ്രഹത്താൽ എനിക്ക് ലഭിച്ച ആത്മീയ ഗുരു, അതിന്ന് പ്രാപ്തനും യോഗ്യനുമാണ്.
അല്ലാഹുവിലേക്കുള്ള വസീലയാണല്ലോ എല്ലാ മശായിഖന്മാരും. ആ വസ്വീലയെ കണ്ടെത്തലാണ് ഒരടിമയുടെ ശാശ്വത വിജയത്തിൻറെ പ്രഥമ ഘട്ടം.... പിന്നീട് ആ സരണിയിലെ സുസ്ഥിരതയാകുന്ന "ഇസ്തിഖാമത്ത്"രണ്ടാം ഘട്ടവും( الإستقامة). തുടർന്ന്, ശൈഖിലൂടെയും റസൂൽ (സ) തങ്ങളിലൂടെയുമുള്ള പ്രണയത്തിലധിഷ്ഠിതമായ ഓർമകളിൽ സദാ സമയം വിരാജിക്കുന്നതാണ് അഥവാ ലയനമാണ് മൂന്നും നാലും ഘട്ടങ്ങളുടെ കടമ്പകൾ ( الغناء في الشيخ، والفناء في الرسول). തുടർന്ന് അല്ലാഹുവിലുള്ള ഫനാഇലൂടെ (الفناء في الله) അഞ്ചാം സ്റ്റേജിൽ നിന്ന്, ശാശ്വതമായ, അനന്തമായ ബഖാഹെന്ന( البقاء) ആറാം ഘട്ടത്തിലെത്തിയാൽ ഒരു സൂഫിയുടെ വിജയകരമായ പരിമ സമാപ്തി ( الكمالية) കുറിക്കപ്പെടുകയായി.
അബൂബക്കർ മാസ്റ്റർ (റ), തൻറെ കാവ്യത്തിലൂടെ തനിക്കൊരു ശൈഖ് ലഭിച്ചതിലുള്ള ആഹ്ലാദം മറച്ചുവെക്കാതെ, അതഭിമാനപുരസ്സരം അല്ലാഹു വിൽ നിന്നുള്ള സൗഭാഗ്യലബ്ധിയായി പ്രഖ്യാപിച്ചു കൊണ്ട്, ആത്മീയ ഗുരുവിലൂടെയുള്ള ലക്ഷ്യപ്രാപ്തി എന്തായിരിക്കണമെന്നും കൂടി പാട്ടിൻറെ പല്ലവിയിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്.തുടർന്ന്, കെ.വി ഉസ്താദ് ആത്മീയ ഗുരുവിൻറെ രഹസ്യ- യാഥാർത്ഥ്യങ്ങളിലേക്ക് നമ്മെ ക്ഷണിച്ചു കൊണ്ടു പോകുകയാണ്.....
ഹാ എന്നധികാരക പട്ടം അതിന്നുടൽക്കായുള്ള നീട്ടം.....
ഹാഹ് എന്ന ഫോട്ടം ആധിപത്യ നേട്ടം ആത്മിക നോട്ടം.....
അഹദിയ്യത്തിലെ മഹ്ളിയത്തിനാൽ മഹ്രിഫത്തുടെ-
വിത്താൽ അത് ആവാൻ ആശിത്താർ...
അള്ളാഹു എന്നോതുന്നോർക്കനന്തം ബന്ധം കാട്ടുന്നോർ മുറബ്ബി....
അൽ- ഹംദുലില്ലാ, അള്ളാഹു എന്നോതുന്നോർക്കനന്തം....
സൂഫിയാക്കളുടേയും ആത്മീയാചാര്യന്മാരുടേയും വാക്കുകളിലും ഗ്രന്ഥങ്ങളിലും തൗഹീദിലേക്കും അതിനിഗൂഢമായ ജ്ഞാനങ്ങളിലേക്കും വെളിച്ചം വീശുന്ന സൂചക പദങ്ങളും(الإشارات) സാങ്കേതിക വാക്കുകളും (الإصطلاحات) ധാരാളമായി ഉപയോഗിക്കപ്പെടുന്നത് നമുക്ക് കാണാം. അവയെ കുറിച്ച്, ചെറുതായിട്ടെങ്കിലും നാം അവഗാഹം നേടിയിരിക്കണം.
ത്വരീഖത്തിന്റേയോ, തസവ്വുഫിൻറേയോ സാങ്കേതിക പ്രയോഗങ്ങളുടെ ആധിക്യമോ, സൂചക വാക്കുകളുടെ ബാഹുല്യമോ പൊതുവേ കെ.വി ഉസ്താദ് തൻറെ രചനകളിൽ ഉപയോഗിക്കുന്നത് നന്നേ കുറവാണ്. സാധാരണക്കാരിൽ സാധാരണക്കാരിലേക്ക് ഇറങ്ങി വന്ന് അവരിലൊരുവനായി സംവദിക്കുന്ന ഒരു ശൈലിയാണ് മഹാനവർകളുടേത്. പക്ഷെ, ചിന്തകളുടെ അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത്, വജ്രത്തേക്കാൾ കാഠിന്യമായ സാന്ദ്രതയോടെ അനുവാചകരുടെ ഹൃദയാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ എത്രയോ പര്യാപ്തമായിരിക്കും ആ വാക്കുകൾക്കുള്ള വീര്യവും ശക്തിയും.
ഹാ, ഹൂ, ഹീ, ആഹ്, ഹാഹ്, അഹ് എന്നിങ്ങനെയൊക്കെ സൂഫിയാക്കൾ വിശുദ്ധ കലിമയുടേയും തൗഹീദിൻറേയും ചുരുക്കപദങ്ങളായും സൂചകപദങ്ങളായും ഉപയോഗിക്കുമെന്ന് നാം സൂചിപ്പിച്ചല്ലോ. കൂടാതെ " ലാ ഇലാഹ ഇല്ലള്ളാഹു " എന്ന കലിമത്തു തൗഹീദിലെ..... ലാ, ഇലാഹ, ഇല്ല, അള്ളാഹു... എന്നിങ്ങനെ പിരിച്ചെഴുതി ഓരോന്നിന്നും ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഹ്രിഫത്ത്... എന്നിങ്ങനെയും നഫ്സ്, ഖൽബ്, റൂഹ്, സിർറ് എന്ന രീതിയിലും വിശദീകരണം കൊടുക്കാറുണ്ട്. ഇതെല്ലാത്ത വ്യാഖ്യാനങ്ങളും സൂഫിയാക്കളുടെ മഹത് ഗ്രന്ഥങ്ങളിൽ നിന്ന് നമുക്ക് കണ്ടെത്താൻ കഴിയുന്നതാണ്.
ലാ ഇലാഹ.... എന്നതിലെ ഇലാഹയുടെ "ഹാ എന്ന അധികാര പട്ടമായ ത്വരീഖത്തുകളെന്ന , അല്ലാഹുവിൽ സംഗമിക്കാനുള്ള മാർഗവും അല്ലാഹുവിനെ കുറിച്ചുള്ള ജ്ഞാനങ്ങളും അറിയിച്ചു തരാനുള്ള അധികാരാവകാശങ്ങൾ നൽകപ്പെട്ടിട്ടുള്ളത് മുറബ്ബികളായ ശായിഖന്മാർക്കാണ്.ഹൃദയാന്തരങ്ങളിൽ ഹാഹ് എന്ന മഹ്രിഫത്തിൻറെ സമ്പൂർണ്ണമായ ഇലാഹി ജ്ഞാനം നമ്മിൽ സന്നിവേശിപ്പിക്കേണ്ടതും ഉറപ്പിക്കേണ്ടതും ശൈഖ് തന്നെ. അപ്പോഴേകമാലുൽ യഖീനിലൂടെ തൗഹീദ് സ്ഥിരപ്പെടുകയൊള്ളു. മാത്രമോ..... അല്ലാഹുവിൻറെ അഹ്ദിയത്തെന്ന (ألأحدية) പരമമായ സത്തയുടെ തന്മയത്വവും ഉണ്മയും മാത്രമേ ഇവിടെയൊള്ളു. അവനെല്ലാത്തവ ഒന്നും തന്നെ ഉളളതല്ല. അതവൻറെ പരമമായ ഏകത്വത്തിലേക്ക് ചെന്ന് ചേരുന്ന മിസാലുകൾ മാത്രം. നാം ബാഹ്യ നേത്രങ്ങൾ കൊണ്ട് കാണുന്ന പലതെന്ന് തോന്നിപ്പിക്കുന്നവയെ ഒന്നായി കാണാൻ കഴിയുന്ന ആന്തരിക ജ്ഞാനത്തിൻറേയും ശിർക്കും കുഫ്റുമറ്റ കലർപ്പില്ലാത്ത അഹദിയ്യത്തിൻറെ അനുഭവ ജ്ഞാനത്തിൻറേയും വിത്തുകൾ ഹൃദയത്തിൽ പാകണമെങ്കിലും ആധ്യാത്മിക വഴിയോട് ആശ ഉണ്ടാക്കിത്തരണമെങ്കിലും ഒരു മുറബ്ബിയായ ശൈഖിൽ ശരണം തേടുകയല്ലാതെ നിവൃത്തിയില്ലായെന്നും കെ.വി ഉസ്താദ് ആസന്നിഗ്ദമായി പ്രഖ്യാപിച്ചു കൊണ്ട് നമ്മെ ഉണർത്തുകയാണ്. തുടരും .
കടപ്പാട് : സയ്യിദ് ജാഫർ സഖാഫ് തങ്ങൾ കുറ്റിപ്പുറം
Негізгі бет Ойын-сауық കരയണ്ട പൊരിയണ്ട ഖൽബൊന്ന് നന്നാക്കണം karayanda poriyanda Thavakkal Musthafa Kadalundi
Пікірлер: 52